ഓട്ടവ : ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി സ്ഥാനം രാജിവെച്ച് ക്രിസ്റ്റിയ ഫ്രീലാൻഡ് യുക്രെയ്‌നിലെ നയതന്ത്രപ്രതിനിധിയാകുമെന്ന് റിപ്പോർട്ട്. അതേസമയം ക്രിസ്റ്റിയ ഫ്രീലാൻഡിന്‍റെ ചുമതലകൾ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ക്രിസ്റ്റിയ ഫ്രീലാൻഡ്, പ്രധാനമന്ത്രി മാർക്ക് കാർണിയുമായും അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക്-ആൻഡ്രെ ബ്ലാഞ്ചാർഡുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രിസ്റ്റിയ തൽക്കാലം എംപിയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ മുൻ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു ക്രിസ്റ്റിയ. യുക്രേനിയൻ വംശജയും യുക്രേനിയൻ ഭാഷ നന്നായി സംസാരിക്കുന്നതുമായ ക്രിസ്റ്റിയ വാരാന്ത്യത്തിൽ മുൻ പ്രധാനമന്ത്രി ജീൻ ക്രെറ്റിയനൊപ്പം കീവ് സന്ദർശിച്ചിരുന്നു.

ക്രിസ്റ്റിയ ഫ്രീലാൻഡിന് പകരമായി ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ ഗതാഗത മന്ത്രിയായി ചുമതലയേൽക്കുമെന്നും വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ ആഭ്യന്തര വ്യാപാരത്തിന്‍റെ ചുമതലകൾ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.