വിനിപെഗ് : മൂന്ന് വർഷം മുമ്പ് കാനഡ-യുഎസ് അതിർത്തിക്ക് സമീപം കൊടുംതണുപ്പിൽ മരവിച്ചു മരിച്ച ഗുജറാത്തിൽ നിന്നുള്ള നാലംഗ കുടുംബത്തെ അതിർത്തി കടക്കാൻ സഹായിച്ച ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ നിന്നുള്ള ഫെനിൽ പട്ടേലാണ് അറസ്റ്റിലായത്. ഇയാളെ യുഎസിന് കൈമാറും. ഗുജറാത്തിലെ ഡിങ്കുച്ചയിൽ നിന്നുള്ള കുടുംബത്തെ നിയമവിരുദ്ധമായി യുഎസിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിന് മറ്റൊരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് മനുഷ്യക്കടത്തുകാരെ യുഎസിൽ 10 വർഷം തടവിന് ശിക്ഷിച്ച് നാല് മാസത്തിന് ശേഷമാണ് ഈ അറസ്റ്റ്. യുഎസിൽ നിന്നുള്ള ഒരു കൈമാറ്റ അഭ്യർത്ഥന പ്രകാരമാണ് ഫെനിൽ പട്ടേലിനെ കസ്റ്റഡിയിലെടുത്തതെന്ന് കനേഡിയൻ നീതിന്യായ വകുപ്പ് വക്താവ് കാറ്റ്‌ലിൻ മൂഴ്‌സ് അറിയിച്ചു. കൈമാറ്റ അഭ്യർത്ഥനയുടെ രഹസ്യസ്വഭാവം കാരണം കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അവർ വ്യക്തമാക്കി.

മാനിറ്റോബയിലെ എമേഴ്സണിനടുത്തുള്ള അതിർത്തിയിലൂടെ മിനസോടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേലും കുടുംബവും കടുത്ത തണുപ്പിനെ തുടർന്ന് മരവിച്ച് മരിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ ഹർഷ്കുമാർ രാമൻലാൽ പട്ടേലിനെ ഷിക്കാഗോയില് നിന്ന് യു എസ് അധികൃതർ പിടികൂടി. 2022 ജനുവരി 19-ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗാന്ധിനഗറിനടുത്തുള്ള ഡിങ്കുച്ച സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), അവരുടെ രണ്ട് മക്കളായ വിഹാംഗി (11), ധാർമിക് (3) എന്നിവരെ മാനിറ്റോബയിലെ എമേഴ്സണിനടുത്ത് മരവിപ്പിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ഡേർട്ടി ഹാരി’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശജനായ ഹർഷ്കുമാർ രാമൻലാൽ പട്ടേൽ (28), ഫ്ലോറിഡയിലെ ഡെൽറ്റോണയിൽ നിന്നുള്ള സ്റ്റീവൻ ഷാൻഡ് (49) എന്നിവരെ മിനസോട കോടതി ശിക്ഷിച്ചിരുന്നു.