ഓട്ടവ : ഈ വർഷം ആൽബർട്ടയ്ക്ക് പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ കൂടുതൽ പുതുമുഖങ്ങളെ സ്വീകരിക്കാൻ സാധിക്കും. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിനുള്ള (AAIP) പ്രവിശ്യാ നാമനിർദ്ദേശ വിഹിതം വർധിപ്പിച്ചതായി ഫെഡറൽ ഗവൺമെൻ്റ് അറിയിച്ചു. ഇതോടെ 2025 ൽ പ്രവിശ്യയ്ക്ക് സ്ഥിര താമസത്തിനായി (PR) നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന പുതുമുഖങ്ങളുടെ എണ്ണം വർധിച്ചു. 4,875 ൽ നിന്ന് AAIP വിഹിതം ഇപ്പോൾ 6,403 പ്രവിശ്യാ നാമനിർദ്ദേശങ്ങളായാണ് വർധിച്ചത്. അതേസമയം മുൻ വിഹിതത്തിൽ (4,875 നാമനിർദ്ദേശങ്ങൾ), AAIP അതിന്‍റെ വിഹിതത്തിന്‍റെ 2,592 നാമനിർദ്ദേശങ്ങൾ (53%) ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീമിന് മാത്രമായി നീക്കിവച്ചിട്ടുണ്ട്.

2024 അവസാനത്തോടെ, മുൻ ലിബറൽ ഭരണകൂടം, ഭവന വിതരണ ക്ഷാമവും കുതിച്ചുയർന്ന ജീവിച്ചെലവും കാരണമാക്കി, വരുന്ന മൂന്ന് വർഷത്തേക്ക് (2025-2027) കുടിയേറ്റ നിയന്ത്രണം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി, കാനഡയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലേക്കുള്ള (PNP-കൾ) മൊത്തത്തിലുള്ള ലാൻഡിങ് അലോക്കേഷൻ (ഇമിഗ്രേഷൻ പാതയിലൂടെ കാനഡയിൽ എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം) ഫെഡറൽ ഗവൺമെൻ്റ് 50% കുറച്ചു.
