വിനിപെഗ് : തെക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ ആരാധനാലയത്തിൽ എത്തിയവരിൽ രണ്ടു പേർ അഞ്ചാംപനി ബാധിതരായിരുന്നതായി പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. സെപ്റ്റംബർ 7 രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ ഹോച്ച്ഫെൽഡിലുള്ള ന്യൂ ലൈഫ് ഫെലോഷിപ്പ് ചർച്ചിൽ എത്തിയവരും സെപ്റ്റംബർ 8 രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ ന്യൂ ലൈഫ് ഫെലോഷിപ്പ് സ്കൂളിൽ എത്തിയവരും അഞ്ചാംപനിയുടെ ലക്ഷണങ്ങൾ പരിശോധിക്കണം.

അണുബാധിതരുടെ റൂട്ട് മാപ്പ് അന്വേഷിക്കുകയാണെന്നും തുടർന്ന് വൈറസ് ബാധയ്ക്ക് സാധ്യതയുള്ള മറ്റ് സ്ഥലങ്ങൾ കൂട്ടി ചേർത്തേക്കാമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ എത്തിയ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർ വാക്സിൻ സ്വീകരിക്കുകയും ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. അഞ്ചാംപനി ലക്ഷണങ്ങൾ സാധാരണയായി സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടും. അഞ്ചാംപനിയുടെ പ്രാരംഭ ലക്ഷണങ്ങളിൽ പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നിവ ഉൾപ്പെടാം. വായയുടെയോ തൊണ്ടയുടെയോ ഉള്ളിൽ ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. പ്രാരംഭ ലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്ക് ശേഷം, മുഖത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ശരീരത്തിലേക്ക് വ്യാപിക്കുകയും ചെയ്യും.