ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച കേസിൽ കെബെക്ക് സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. പ്രൊജക്റ്റ് ഈജിപ്ത് എന്ന പേരിൽ 2025 ജൂണിൽ ആരംഭിച്ച അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡിലൻ ചിമുസോറോ (19), കൈൽ കെയ്ൻ (22), ജീൻ-ജൂനിയർ ഗൗറില്ലെ (24), ജോഷ്വ ജീൻ-ലൂയിസ് (24), ഷൈന ഫോസ്റ്റിൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വാഹനമോഷണം, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വയ്ക്കൽ ഉൾപ്പെടെ 112 കുറ്റങ്ങൾ ചുമത്തി.

അന്വേഷണത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 17 ന് മിസ്സിസാഗയിലെ ഒരു വീട്ടിൽ തിരച്ചിൽ നടത്തുകയും വാഹനമോഷണവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുകയും ചെയ്തതായി ദുർഹം റീജനൽ പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടെ മോഷ്ടിച്ച എട്ട് വാഹനങ്ങൾ കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൂടാതെ കെബെക്കിൽ നടന്ന അന്വേഷണത്തിൽ ഏകദേശം 25 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തി, പൊലീസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ആകെ എത്ര വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി പൊലീസ് വെളിപ്പെടുത്തിയില്ല.

അഞ്ച് പ്രതികളും കെബെക്കിലാണ് താമസിക്കുന്നതെന്നും എന്നാൽ, വാഹനമോഷണത്തിനായി അഞ്ചുപേരും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലേക്ക് എത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വാഹനമോഷണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം റീജനൽ പൊലീസ് അറിയിച്ചു.