വിക്ടോറിയ : റഷ്യൻ തീരത്തുണ്ടായ വൻ ഭൂചലനത്തെ തുടർന്ന് സുനാമി സാധ്യത പരിശോധിക്കുകയാണെന്ന് ബ്രിട്ടിഷ് കൊളംബിയ എമർജൻസി മാനേജ്‌മെൻ്റ് ഓഫീസ് അറിയിച്ചു. റഷ്യയിലെ കാംചത്കയ്ക്കടുത്തുള്ള ബെറിങ് ദ്വീപിൽ നിന്നും ഏകദേശം 410 കിലോമീറ്റർ അകലെ 9.6 കിലോമീറ്റർ ആഴത്തിൽ രാവിലെ 11:58 നാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം അലാസ്കയിലെ അലൂഷ്യൻ ദ്വീപുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ വെതർ സർവീസ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ മറ്റ് യുഎസ്, കനേഡിയൻ പസഫിക് തീരങ്ങളിലെ സുനാമി അപകട സാധ്യത വിലയിരുത്തിവരികയാണ്, ഏജൻസി അറിയിച്ചു. ജൂലൈ 29-ന് കാംചത്ക ഉപദ്വീപിനെ പിടിച്ചുകുലുക്കിയ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ തുടർചലനമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു. ജൂലൈയിലെ പ്രധാന ഭൂചലനത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ തുടർചലനമാണിത്. ഈ മേഖലയിൽ സെപ്റ്റംബർ 13-ന് 7.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനം റിപ്പോർട്ട് ചെയ്തിരുന്നു.