ഓട്ടവ : പുതിയൊരു നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുകയാണ് കാനഡ. രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ കോവിഡ്-19 വാക്സിനുകൾ വരും ദിവസങ്ങളിൽ രോഗികൾക്ക് ലഭ്യമാകും. സ്വന്തമായി കോവിഡ്-19 വാക്സിനുകൾ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇത്. കെബെക്കിലെ ലാവലിലെയും ഒൻ്റാരിയോയിലെ കേംബ്രിഡ്ജിലെയും പ്ലാൻ്റുകളിൽ യുഎസ് മെഡിസിൻ നിർമ്മാതാക്കളായ മോഡേണ നിർമ്മിച്ച mRNA വാക്സിനുകളാണ് ഉടൻ വിപണിയിലേക്ക് എത്തുന്നത്.

ലാവലിലെ വാക്സിൻ നിർമ്മാണ കേന്ദ്രത്തിന് മോഡേണ 18 കോടി ഡോളറും കെബെക്ക് സർക്കാർ രണ്ടു കോടി അമ്പത് ലക്ഷം ഡോളറും ചിലവഴിച്ചിട്ടുണ്ട്. അടുത്ത വർഷം ലാവലിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനുള്ള (RSV) വാക്സിൻ മോഡേണ നിർമ്മിക്കാൻ തുടങ്ങുമെന്നും ഓങ്കോളജി തെറാപ്പികൾ പോലുള്ള മറ്റ് mRNA ചികിത്സകൾ നിർമ്മിക്കാൻ ഭാവിയിൽ ഈ കേന്ദ്രം ഉപയോഗിക്കുമെന്നും മോഡേണ കാനഡയുടെ ജനറൽ മാനേജർ സ്റ്റെഫാൻ റാവോസ് പറയുന്നു.

ആഭ്യന്തരമായി വാക്സിനുകൾ നിർമ്മിക്കാനുള്ള ഫെഡറൽ സർക്കാരിന്‍റെ പിന്തുണയുള്ള പദ്ധതിയുടെ ഭാഗമായിരുന്ന യുഎസ് മരുന്ന് നിർമ്മാതാക്കളായ നോവാവാക്സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാർ സർക്കാർ അവസാനിപ്പിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് പുതിയ കോവിഡ്-19 വാക്സിനുകൾ വിപണിയിൽ എത്തുന്നത്. കരാർ റദ്ദാക്കുന്നതിന്‍റെ ഭാഗമായി ഫെഡറൽ സർക്കാർ നോവാവാക്സിന് 556 കോടി ഡോളർ നൽകിയിരുന്നു. കൂടാതെ മൺട്രിയോളിൽ കോവിഡ്-19 വാക്സിനുകൾ നിർമ്മിക്കാൻ ആരംഭിച്ച കേന്ദ്രത്തിന് ഫെഡറൽ സർക്കാർ ചെലവഴിച്ച 13 കോടി ഡോളറിന് പുറമെയാണിത്.
