വിക്ടോറിയ : വടക്കൻ മേഖലയിലും തീരപ്രദേശങ്ങളിലും മഴ പെയ്തിട്ടും തണുപ്പുള്ള കാലാവസ്ഥ പ്രവചിക്കപ്പെട്ടിട്ടും പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുതീ ഭീഷണി നിലനിൽക്കുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. കരിബൂ മേഖലയിലും തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലും ചൂടുള്ളതും വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥ തുടരുമെന്നും, പുറത്തു വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.

പ്രവിശ്യയിൽ സജീവമായ കാട്ടുതീകളുടെ എണ്ണം ഏകദേശം 120 ആയി കുറഞ്ഞു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് പുതിയ തീപിടുത്തങ്ങൾ കണ്ടെത്തുകയും ഒമ്പത് കാട്ടുതീകൾ നിയന്ത്രണാതീതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹോൾട്രി ക്രീക്ക് പ്രദേശത്തിനായി ഈ ആഴ്ച ആദ്യം പുറപ്പെടുവിച്ച ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചതായി കരിബൂ റീജനൽ ഡിസ്ട്രിക്റ്റും ഉൽകാച്ചോ ഫസ്റ്റ് നേഷനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ ചൂടും വരണ്ടതുമായി കാലാവസ്ഥ തുടരും. എന്നാൽ, വടക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയ മുതൽ വൻകൂവർ ദ്വീപ് വരെ നീളുന്ന പ്രദേശത്ത് ശനിയാഴ്ച മുതൽ താപനില കുറയുമെന്നും മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.