വാഷിംഗ്ടൺ : ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ തുടർന്ന് ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഗതാഗത ചിഹ്നങ്ങൾ വായിക്കാനും, ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും, അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ യുഎസിലെ വാണിജ്യ ട്രക്ക് ഡ്രൈവർമാർ ഇംഗ്ലീഷിൽ പ്രാവീണ്യം നേടണമെന്ന് ആവശ്യപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കിയിരുന്നു. മാർച്ചിൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇംഗ്ലീഷ് രാജ്യത്തെ ഔദ്യോഗിക ഭാഷയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (ELP) തെളിയിക്കാത്തതിനാൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള 3,020 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ പുറത്താക്കിയതായി ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) അറിയിച്ചു. ജൂൺ 25-നുശേഷം പ്രാബല്യത്തിൽ വന്ന വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓർഡർ പ്രകാരമാണ് നടപടി. 2025 ജൂൺ അവസാനം മുതൽ സെപ്റ്റംബർ മധ്യം വരെ നടന്ന പരിശോധനയെ തുടർന്നാണ് പുറത്താക്കൽ.
