മൺട്രിയോൾ : സാൽമൊണെല്ല അണുബാധയെ തുടർന്ന് നിരവധി പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി കെബെക്ക് ഭക്ഷ്യ മന്ത്രാലയം (MAPAQ) അറിയിച്ചു. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) സാൽമൊണെല്ല പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കുകയും തിങ്കളാഴ്ച നിരവധി പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. ബാഗ്ദി, Ô നേച്ചർ, പാറ്റിസ്സെറി അൽ സെഹ്ലെവി, ബക്ലവ, മാമൗൾ, പെറ്റിറ്റ് ഫോർസ്, പാറ്റിസ്സെറി കോൾ ചോർ, പാറ്റിസ്സെറി അയ്ഡ ബ്രാൻഡ് പിസ്ത ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്നും അവ വാങ്ങിയ സ്ഥാപനത്തിലേക്ക് തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

കെബെക്കിൽ 55 കേസുകളും, ഒൻ്റാരിയോയിൽ 17 കേസുകളും, ബ്രിട്ടിഷ് കൊളംബിയയിൽ അഞ്ച് കേസുകളും, മാനിറ്റോബയിലും ന്യൂബ്രൺസ്വിക്കിലും ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് ആരംഭത്തിനും ഓഗസ്റ്റ് മധ്യത്തിനും ഇടയിലാണ് അണുബാധ റിപ്പോർട്ട് ചെയ്തത്. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.