മൺട്രിയോൾ : യുഎസ്-കാനഡ അതിർത്തിയിലൂടെ അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 16 പേരെ അറസ്റ്റ് ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) അറിയിച്ചു. വെള്ളിയാഴ്ച രാത്രി സെൻ്റ്-ബെർണാർഡ്-ഡി-ലാക്കോൾ പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 18 പേരടങ്ങുന്ന ഒരു സംഘത്തിലെ അംഗങ്ങളായിരുന്നു ഇവരെന്നും രണ്ടു പേരെ തിരയുന്നതായും ആർസിഎംപി അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ആർസിഎംപി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ, ഈസ്റ്റേൺ ടൗൺഷിപ്പുകളിലെ സ്റ്റാൻസ്റ്റെഡിന് സമീപം 44 അനധികൃത കുടിയേറ്റക്കാരെ കയറ്റിവന്ന ട്രക്ക് ആർസിഎംപി തടഞ്ഞിരുന്നു. വായുസഞ്ചാരമില്ലാതെ ട്രക്കിൽ കുട്ടികൾ അടക്കമുള്ളവരെ കുത്തിനിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.