കീവ് : യുക്രെയ്‌നിലുടനീളമുള്ള നഗരങ്ങളിൽ നടന്ന റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി യുക്രേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേറ്റതായും അധികൃതർ റിപ്പോർട്ട് ചെയ്തു. ഡിനിപ്രോപെട്രോവ്‌സ്ക്, മൈക്കോലൈവ്, ചെർണിഹിവ്, സപോരിഷിയ, പോൾട്ടാവ, കൈവ്, ഒഡെസ, സുമി, ഖാർകിവ് എന്നിവയുൾപ്പെടെ ഒമ്പത് പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.

രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, സിവിലിയൻ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് സെലെൻസ്‌കി പറയുന്നു. ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച ഒരു മിസൈൽ ഡിനിപ്രോ നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിൽ പതിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ മധ്യ ഡിനിപ്രോപെട്രോവ്‌സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 30 പേർക്ക് പരുക്കേറ്റതായി പ്രാദേശിക ഗവർണർ സെർഹി ലിസാക് പറഞ്ഞു. കിഴക്കൻ നഗരമായ ഡിനിപ്രോയിൽ നിരവധി ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കീവ് മേഖലയിൽ, ബുച്ച, ബോറിസ്പിൽ, ഒബുഖിവ് പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടന്നതായി പ്രാദേശിക അധികാരികൾ പറഞ്ഞു.