ഹാലിഫാക്‌സ്: കാനഡയിലെ ആദ്യത്തെ ഓഫ്ഷോര്‍ കാറ്റാടിപ്പാടങ്ങളുടെ വികസനം വേഗത്തിലാക്കാന്‍ ഒട്ടാവയും നോവസ്‌കോഷയും സംയുക്തമായി പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി, സാധ്യതയുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രീ-ക്വാളിഫിക്കേഷന്‍ നടപടികള്‍ ആരംഭിച്ചു.
അടുത്ത വര്‍ഷം ആദ്യം ബിഡ്ഡിങ് ആരംഭിക്കുന്നതിന് മുന്‍പ് കമ്പനികളുടെ ശേഷി വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് അറ്റ്‌ലാന്റിക് കാനഡ ഓപ്പര്‍ച്യൂണിറ്റീസ് ഏജന്‍സി മന്ത്രി സീന്‍ ഫ്രേസര്‍ ഹാലിഫാക്‌സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നും മിഗ്മാക്ക്, ഓഫ്ഷോര്‍ കാറ്റാടിപ്പാടം, മത്സ്യബന്ധനം, സമുദ്രോത്പന്ന വ്യവസായങ്ങള്‍ തുടങ്ങിയവയെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. വിവരശേഖരണത്തിന് കുറഞ്ഞത് 30 ദിവസവും, പ്രീ-ക്വാളിഫിക്കേഷന്‍ നടപടികള്‍ക്ക് കുറഞ്ഞത് 90 ദിവസവും എടുക്കും.

പ്രാരംഭ ഘട്ടത്തില്‍ മൂന്ന് ജിഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്നുണ്ടെങ്കിലും, അടുത്ത ഘട്ടത്തില്‍ അഞ്ച് ജിഗാവാട്ട് വരെ ഉത്പാദനം സാധ്യമാക്കാനാണ് ഓട്ടവയും പ്രവിശ്യയും ശ്രമിക്കുന്നത്. വിന്‍ഡ് വെസ്റ്റ് എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് 60 ബില്യണ്‍ ഡോളര്‍ മൂലധനച്ചെലവ് പ്രതീക്ഷിക്കുന്നതായി നോവസ്‌കോഷ അറിയിച്ചു. പദ്ധതിക്കായി ഫെഡറല്‍ നികുതി ഇളവുകളും കാനഡ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്കില്‍ നിന്ന് കുറഞ്ഞ പലിശയില്‍ ധനസഹായവും തേടുന്നുണ്ട്.
അതിനിടെ, നാല് കടല്‍ത്തീര മേഖലകള്‍ ഓഫ്ഷോര്‍ കാറ്റാടിപ്പാട വികസനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഫ്രഞ്ച് ബാങ്ക്, മിഡില്‍ ബാങ്ക്, സേബിള്‍ ഐലന്‍ഡ് ബാങ്ക്, സിഡ്‌നി ബൈറ്റ് എന്നിവയാണ് ഈ മേഖലകള്‍. ബിഡ് ചെയ്യുന്നവര്‍ക്ക് 250,000 ഡോളര്‍ നോണ്‍-റീഫണ്ടബിള്‍ ഫീസും, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 750,000 ഡോളര്‍ അധിക ഫീസും നല്‍കേണ്ടിവരും. ഇത് പദ്ധതിയിലുള്ള കമ്പനികളുടെ താല്പര്യം ഉറപ്പാക്കാനാണെന്ന് അധികൃതര്‍ അറിയിച്ചു.