എഡ്മിന്‍റൻ : മേയർ, സിറ്റി കൗൺസിൽ, സ്കൂൾ ബോർഡ് ട്രസ്റ്റി സ്ഥാനത്തേക്ക് 140 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി എഡ്മിന്‍റൻ ഇലക്ഷൻസ് റിപ്പോർട്ട് ചെയ്തു. മേയർ സ്ഥാനത്തേക്ക് 13 പേരും സിറ്റി കൗൺസിലിലെ മറ്റ് 12 സീറ്റുകളിലേക്ക് 81 പേരും മത്സരിക്കുന്നു. ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് ഏകദേശം 50 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. ഒക്ടോബർ 20 ആണ് തിരഞ്ഞെടുപ്പ് ദിനം. ഒക്ടോബർ 7 മുതൽ 11 വരെ മുൻകൂർ വോട്ടിങ് നടക്കും.

ഔദ്യോഗിക സ്ഥാനാർത്ഥിയാകുന്നതിനുള്ള അവസാന ഘട്ടമാണ് നാമനിർദ്ദേശ പത്രിക സമർപ്പണം. നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികൾക്ക് ചൊവ്വാഴ്ച ഉച്ചവരെ അവ പിൻവലിക്കാൻ സമയമുണ്ട്. നേരിട്ട് വോട്ടുചെയ്യാൻ കഴിയാത്തവർക്കുള്ള പ്രത്യേക ബാലറ്റ് പാക്കേജുകൾ ഉടൻ അയയ്ക്കും, സിറ്റി അധികൃതർ അറിയിച്ചു. പ്രത്യേക ബാലറ്റുകൾ എഡ്മിന്‍റൻ തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
