എഡ്മിന്‍റൻ : വാരാന്ത്യത്തിൽ ആൽബർട്ടയിലെ ക്രോസ്നെസ്റ്റ് പാസ് മേഖലയിൽ നിന്നും കാണാതായ അഞ്ച് വയസ്സുള്ള ആൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നതായി ആർസിഎംപി അറിയിച്ചു. ഞായറാഴ്ച രാവിലെ 11:30-നാണ് ഓട്ടിസം ബാധിതനായ ഡാരിയസ് മക്ഡൗഗലിനെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ലെത്ത്ബ്രിഡ്ജിൽ നിന്നും ഏകദേശം 150 കിലോമീറ്റർ അകലെ ഐലൻഡ് ലേക്ക് ക്യാമ്പ്‌ഗ്രൗണ്ടിന് സമീപം കുടുംബത്തോടൊപ്പം നടക്കുമ്പോഴാണ് ഡാരിയസ് മക്ഡൗഗലിനെ അവസാനമായി കണ്ടത്. മക്ഡൗഗൽ കുടുംബത്തോടൊപ്പം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ക്യാമ്പ് സൈറ്റിൽ നിന്ന് അൽപ്പം അകലെ ഡാരിയസ് മക്ഡൗഗൽ തന്‍റെ ആറ് സഹോദരങ്ങളോടൊപ്പം നടക്കാൻ പോയെങ്കിലും വഴി തെറ്റി ഇവരിൽ നിന്നും വേർപിരിഞ്ഞതായി പൊലീസ് പറയുന്നു.

ആൽബർട്ടയിൽ നിന്നും ബ്രിട്ടിഷ് കൊളംബിയയിൽ നിന്നുമുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ ഉൾപ്പെടെ ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തെർമൽ ഇമേജിങ്, നായ്ക്കൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് തിരച്ചിൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. നാലടി ഉയരവും ചെറിയ തവിട്ട് നിറമുള്ള മുടിയുള്ള ഡാരിയസ് മക്ഡൗഗലിനെ അവസാനമായി കാണുമ്പോൾ നീല/ചാരനിറത്തിലുള്ള ഹൂഡി ധരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.