ഫീനിക്സ് : ഭർത്താവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിന്‍റെ ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാനായി 2012-ൽ കർക് സ്ഥാപിച്ച ‘ടേണിങ് പോയിൻ്റ് യുഎസ്എ’-യുടെ നേതൃത്വം എറീക്ക ഏറ്റെടുത്തു.

തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ വിവാദനായകനായ ആക്ടിവിസ്റ്റായിരുന്ന കർക്, പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നിലപാടുകളെ ശക്തമായി പിന്തുണച്ചിരുന്നു. അനുസ്മരണ ചടങ്ങിൽ ട്രംപും എത്തി. കർക്കിനെ കൊലപ്പെടുത്തിയത് ‘തീവ്ര ഇടത്’ ആണെന്ന് അദ്ദേഹം ആരോപിച്ചു. കുടിയേറ്റക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്കെതിരെ കടുത്ത പ്രതികരണങ്ങൾ നടത്തിയ ആളാണ് കർക്. യൂട്ടായിൽ സർവകലാശാല ക്യാംപസിലെ സംവാദപരിപാടിക്കിടെ ഈ മാസം 10-നാണ് വെടിയേറ്റു മരിച്ചത്. കൊലക്കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.