ഓട്ടവ : ആയുധങ്ങൾ കൈവശം വെച്ചതുൾപ്പെടെ വിവിധ കേസുകളിലായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസലിനെ അറസ്റ്റ് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഒൻ്റാരിയോയിലെ വിറ്റ്ബിയിൽ നിന്നും അറസ്റ്റ് ചെയ്ത ഗോസലിനെതിരെ അശ്രദ്ധമായി തോക്ക് ഉപയോഗിച്ചത് അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബ്രാംപ്ടണിൽ നിന്നുള്ള 36 വയസ്സുള്ള ഗോസൽ, ഇന്ത്യയിലെ പഞ്ചാബ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഖലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ നേതാവാണ്. തിങ്കളാഴ്ച ഓഷവയിലെ കോടതിയിൽ ഹാജരായ ഗോസലിനെതിരെയും ടൊറൻ്റോയിൽ നിന്നുള്ള അർമാൻ സിങ്, ന്യൂയോർക്ക് നിവാസിയായ ജഗ്ദീപ് സിങ് എന്നിവർക്കെതിരെയും കുറ്റം ചുമത്തി.

2023-ൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പട്ടശേഷം ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന വിഘടനവാദി സംഘടനയിൽ ഗോസലിന് സ്വാധീനം വർധിച്ചിരുന്നു. നിജ്ജർ വധത്തിനുപിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുടലെടുത്ത അസ്വാരസ്യം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഗോസലിന്‍റെ അറസ്റ്റ്.