എഡ്മിന്‍റൻ : സതേൺ ആൽബർട്ടയിലെ ഐലൻഡ് ലേക്ക് ക്യാമ്പ്‌ഗ്രൗണ്ടിന് സമീപത്ത് നിന്നും കാണാതായ അഞ്ച് വയസ്സുകാരനെ കണ്ടെത്താനുള്ള ശ്രമം നാലാം ദിവസത്തിലേക്ക് കടന്നു. ലെത്ത്ബ്രിഡ്ജിൽ നിന്നുള്ള അഞ്ച് വയസ്സുള്ള ഡാരിയസ് മക്ഡൗഗലിനെ ഞായറാഴ്ച രാവിലെയാണ് കാണാതായത്. ക്യാമ്പ്‌ഗ്രൗണ്ടിന് സമീപം കുടുംബാംഗങ്ങളോടൊപ്പം നടക്കുകയായിരുന്ന ഓട്ടിസം ബാധിതനായ ഡാരിയസ് അവരിൽ കൂട്ടംതെറ്റി പോവുകയായിരുന്നു. ഓട്ടിസം കാരണം കുട്ടിക്ക് മറുപടി നൽകുന്നതിന് തടസ്സമുണ്ടാകുമെന്ന് ആൽബർട്ട ആർസിഎംപി അറിയിച്ചു. ഇത് തിരച്ചിൽ ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നതായി ആൽബർട്ട സെർച്ച് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥൻ ആദം കെന്നഡി പറയുന്നു.

നിലവിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി സൂചനയില്ലെന്നും പക്ഷേ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും ആർസിഎംപി അറിയിച്ചു. ഡാരിയസിനെപ്പോലൊരു കുട്ടികൾ സാധാരണയായി സഞ്ചരിക്കുന്ന പ്രദേശം കണക്കാക്കി തിരച്ചിൽ നടത്തുന്നുണ്ടെന്ന് ആർസിഎംപി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അണ്ടർവാട്ടർ സോണുകൾ ഉൾപ്പെടെ കൂടുതൽ അപകടകരമായ മേഖലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിരച്ചിലിന് നായ്ക്കളെ ഉപയോഗിക്കുന്നതിനാൽ തിരച്ചിൽ പ്രദേശത്ത് നിന്നും പൊതുജനങ്ങൾ മാറി നിൽക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഡാരിയസ് മക്ഡൗഗലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-562-2866 എന്ന നമ്പറിൽ ആർസിഎംപിയെ ബന്ധപ്പെടണം.