ന്യൂയോർക്ക് : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയും ചൈനയും സഹായം നൽകുന്നുവെന്ന് ആരോപിച്ച ട്രംപ് ഇന്ത്യക്കെതിരെയുള്ള താരിഫ് വർധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ വേദിയിൽ ഇന്ത്യക്കെതിരെ ട്രംപ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്.

ഇന്ത്യക്കെതിരെയുള്ള താരിഫ് വർധിപ്പിക്കുന്നതിലൂടെ യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ഇന്ത്യയും ചൈനയുമാണ് യുക്രെയ്നിലെ യുദ്ധത്തിന് പ്രധാനമായും പണം നൽകുന്നതെന്നും ട്രംപ് പറഞ്ഞു.