ഡല്‍ഹി: കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് അനിത ആനന്ദ് ബ്ലൂംബെര്‍ഗിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.
ഇന്ത്യയുമായും ചൈനയുമായും വ്യാപാര – നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് കാനഡയുടെ താത്പര്യമെന്ന് അനിത ആനന്ദ്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയാണ് അനിത ആനന്ദ് നയം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരായ പോരാട്ടം, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍, രഹസ്യ വിവര കൈമാറ്റം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും കാനഡയും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നുണ്ട്. കാനഡയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഎസ്ഐഎസ് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണില്‍ കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ക്രിയാത്മക നടപടി സ്വീകരിക്കാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായിരുന്നു.