ഓട്ടവ : സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കാനഡ പോസ്റ്റിന് ഡോർ ടു ഡോർ ലെറ്റർ മെയിൽ ഡെലിവറി അവസാനിപ്പിക്കാമെന്ന് പൊതുമരാമത്ത്, സംഭരണ മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട്. കൂടാതെ ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനും കാനഡ പോസ്റ്റിന് അനുവാദമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കാനഡ പോസ്റ്റിനെക്കുറിച്ചുള്ള ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷന്‍റെ റിപ്പോർട്ടിലെ എല്ലാ ശുപാർശകളും ഫെഡറൽ സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒപ്പം അടിയന്തരമല്ലാത്ത ലെറ്റർ മെയിലുകൾക്കായുള്ള ഡെലിവറി മാനദണ്ഡങ്ങൾ ക്രമീകരിക്കാനും സർക്കാർ കാനഡ പോസ്റ്റിനെ അനുവദിക്കും.

വാരാന്ത്യങ്ങളിലെ തിരക്ക് പരിഹരിക്കുന്നതിനായി ക്രൗൺ കോർപ്പറേഷന് പാർട്ട് ടൈം ജീവനക്കാരെ നിയമിക്കാൻ കാനഡ പോസ്റ്റിനെ അനുവദിക്കുന്നതിന് കരാറിൽ മാറ്റങ്ങൾ വരുത്താനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും കാനഡ പോസ്റ്റിന് ഈ മാറ്റങ്ങൾ ആവശ്യമാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.