ടൊറൻ്റോ : മലയാളികളെ ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ആനയിക്കാൻ ഒരുങ്ങുകയാണ് കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക, ഒപ്പം മറ്റ് നാടുകളുടെ സംസ്കാരങ്ങളെ ആദരപൂര്‍വ്വം തിരിച്ചറിയുക എന്ന സന്ദേശം ഉയർത്തി സമന്വയ കാനഡ ഒരുക്കുന്ന “സമന്വയം-2025” ഒക്ടോബര്‍ 18 ശനിയാഴ്ച അരങ്ങിലെത്തും. എറ്റോബിക്കോ മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് (105 Eringate Dr. Etobicoke, ON M9C 3Z7) “സമന്വയം-2025″ത്തിന് വേദിയാവുന്നത്.

ലിറ്ററേച്ചർ ഫെസ്റ്റാണ് ഇത്തവണത്തെ സമന്വയം പരിപാടിയുടെ പ്രത്യേകത. Battle of the Books എന്ന സാഹിത്യ സദസ്സ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫ്, ആർ. രാജശ്രീ, എസ്. ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും. അടൂര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, കടമ്മനിട്ട തുടങ്ങിയ മഹാരഥന്മാര്‍ ചേര്‍ന്ന് രൂപംനല്‍കിയ കലാരൂപമായ ചൊല്‍ക്കാഴ്ച, നാടന്‍പാട്ടില്‍ തുടങ്ങി പുത്തന്‍പാട്ടുകളിലൂടെ പ്രേക്ഷകരെ ഉത്സവലഹരിയിലെത്തിക്കുന്ന മ്യൂസിക്കൽ കൺസേർട്ട്, പരമ്പരാഗതവും നവീനവുമായ നൃത്തരൂപങ്ങള്‍ എന്നിങ്ങനെ മികച്ച കലാപരിപാടികൾ സമന്വയം-2025 വേദിയിൽ അരങ്ങേറുമെന്ന് സമന്വയ കാനഡ പ്രസിഡൻ്റ് അനീഷ് അലക്‌സും സെക്രട്ടറി സൂരജ് അത്തിപ്പറ്റയും അറിയിച്ചു. ടിക്കറ്റ് ബുക്കിങ് : https://events.mazhathulli.ca/event/samanwayacanada/