ഓട്ടവ : കാനഡയിൽ പഠനാനുമതി നേടിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദശകത്തിൽ, രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു കാനഡ. പ്രധാനമായും ഇന്ത്യൻ വിദ്യാർത്ഥികളാണ് കൂടുതലായി കാനഡയിലേക്ക് എത്തിയിരുന്നത്. എന്നാൽ, കാനഡയുടെ കർശനമായ കുടിയേറ്റ നയങ്ങൾ, വർധിച്ചുവരുന്ന സാമ്പത്തിക തടസ്സങ്ങൾ, ആഗോളതലത്തിലെ മത്സരം എന്നിവ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവിന് കാരണമായി.

2023-ലെ 278,005-ൽ നിന്ന് 2024-ൽ കാനഡയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 188,255 ആയി കുറഞ്ഞു. അതേസമയം 2025-ൽ ഈ ഇടിവ് രൂക്ഷമായി. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വെറും 52,765 ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് കാനഡയിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് അനുസരിച്ച് കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1,050 കോടി ഡോളറിന്‍റെയും 2024 നെ അപേക്ഷിച്ച് 450 കോടി ഡോളറിന്‍റെയും കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തകിടംമറിക്കും.

അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാനഡയിലേക്ക് എത്തിയ താൽക്കാലിക താമസക്കാരുടെ എണ്ണം കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)യുടെ പുതിയ റിപ്പോർട്ട്. നയമാറ്റങ്ങളിലൂടെയും കർശനമായ നിയമങ്ങളിലൂടെയും താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തത്തിലുള്ള ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയാക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കുറവ്. 2024 ജൂലൈയെ അപേക്ഷിച്ച് തൊഴിലാളികളുടെ വരവ് 37% ഉം വിദ്യാർത്ഥികളുടെ വരവ് 55% ഉം കുറഞ്ഞതായി ഐആർസിസി അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ 29,595 പുതിയ തൊഴിലാളികൾ കാനഡയിൽ എത്തിയെങ്കിൽ 2025 ജൂലൈയിൽ 18,500 പുതിയ താൽക്കാലിക താമസക്കാർ മാത്രമാണ് രാജ്യത്ത് എത്തിയതെന്ന് ഐആർസിസി റിപ്പോർട്ട് ചെയ്തു. രാജ്യാന്തര വിദ്യാർത്ഥികളുടെ വരവും കുത്തനെ കുറഞ്ഞു. 2025 ജൂലൈയിൽ കാനഡയിൽ പ്രവേശിച്ച പുതിയ രാജ്യാന്തര വിദ്യാർത്ഥികൾ വെറും 7,685 പേർ മാത്രമാണ്. 2024 ജൂലൈയിൽ 17,140 പേരാണ് കാനഡയിൽ എത്തിയത്. മൊത്തത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ജൂലൈയിൽ കാനഡയിൽ പ്രവേശിച്ച പുതിയ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ 20,550 കുറവ് രേഖപ്പെടുത്തി. 2024 ജനുവരി-ജൂൺ കാലയളവിനെ അപേക്ഷിച്ച് 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പുതിയ വിദ്യാർത്ഥികളുടെ വരവ് 70 ശതമാനവും പുതിയ തൊഴിലാളികളുടെ വരവ് 50 ശതമാനവും കുറഞ്ഞതായി ഐആർസിസി ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 ജനുവരി മുതൽ ജൂലൈ വരെ പുതിയ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും വരവിൽ 235,070-ന്‍റെ കുറവ് ഉണ്ടായിട്ടുണ്ട്. ജൂലൈയിൽ മൊത്തം 26,185 വിദ്യാർത്ഥികളും തൊഴിലാളികളും എത്തി.