വൻകൂവർ : ഇന്നും നാളെയും ബ്രിട്ടിഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വൻകൂവർ ദ്വീപിന്‍റെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. സൂക്കെ, ടോഫിനോ എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റികൾ ഉൾക്കൊള്ളുന്ന വൻകൂവർ ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്താണ് കനത്ത മഴ പെയ്യുക. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന കനത്ത മഴ ശനിയാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു.

കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കം ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ തീരത്തുള്ള ഹൈഡ ഗ്വായിയിൽ എത്തിയ പസഫിക് കൊടുങ്കാറ്റ് മൂലമാണ് കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.