നയാഗ്ര ഫോൾസ് : നയാഗ്ര മലയാളീ സമാജത്തിന്‍റെ മൂന്നാമത് രാജ്യാന്തര വോളിബോൾ ടൂർണമെൻ്റ് ഒക്ടോബർ 11 ശനിയാഴ്ച നയാഗ്രയിലെ കാനഡ ഗെയിംസ് പാർക്കിൽ നടക്കും. ടീമുകളുടെ പങ്കാളിത്തം കൊണ്ടും സമ്മാനത്തുക കൊണ്ടും കാനഡയിലെ ഏറ്റവും വലിയ വോളിബോൾ ടൂർണമെൻ്റാണിതെന്ന് സമാജം പ്രസിഡൻ്റ് റോബിൻ ചിറയത്ത്, ടൂർണമെൻ്റ് കൺവീനർ ബൈജു പകലോമറ്റം എന്നിവർ അറിയിച്ചു. കാനഡ ഗെയിംസ് പാർക്കിൽ രാജ്യാന്തരനിലവാരത്തിൽ ഒരുക്കിയിരിക്കുന്ന നാല് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ യുഎസിൽ നിന്നും ടീമുകൾ പങ്കെടുക്കും. റിയൽറ്റർ അർജുൻ സനൽകുമാർ, ജെയിംസ് ഓട്ടോ ഗ്രൂപ്പിലെ ബോബൻ ജെയിംസ് എന്നിവരാണ് ടൂർണമെൻ്റിന്‍റെ മെഗാ സ്‌പോൺസർമാർ.

മലയാളികൾക്ക് മാത്രമായുള്ള ഈ ടൂർണമെൻ്റിൽ ഓപ്പൺ കാറ്റഗറിയിലെ ജേതാക്കൾക്ക് എൻഎംഎസ് എവർറോളിങ് ട്രോഫിയും 5001 ഡോളറും ഉൾപ്പെടെ പതിമൂവായിരത്തിലേറെ ഡോളറാണ് സമ്മാനമായി നൽകുക. ഓപ്പൺ, 40+, അണ്ടർ 17 വിഭാഗങ്ങളിലായാണ് മത്സരം. ടൂർണമെൻ്റിലേക്കുള്ള രജിസ്ട്രേഷൻ ഉടൻ അവസാനിക്കും. 40+ വിഭാഗത്തിൽ സെമിയിൽ എത്തുന്നവർക്കും അണ്ടർ 17 വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്കും പ്രൈസ് മണിയുണ്ടാകും.
രാവിലെ എട്ടു മുതൽ വൈകിട്ട് പത്ത് വരെ നീളുന്ന ടൂർണമെൻ്റിൽ നാൽപതോളം മത്സരങ്ങളുണ്ടായിരിക്കും. കായികപ്രേമികൾക്ക് കുടുംബമായി മത്സരങ്ങൾ ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. ടൂർണമെൻ്റിനോടനുബന്ധിച്ച് കേരളീയ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യശാലയും ഒരുക്കുന്നുണ്ട്.

മിസ്സിസാഗയിൽ മീഡിയ റൂമിൽ നടന്ന പത്രസമ്മേളനത്തിൽ സമാജം വൈസ് പ്രസിഡൻ്റ് ശിൽപ്പ ജോഗി, സെക്രട്ടറി കേലബ് വർഗീസ്, ട്രഷറർ പിൻ്റോ ജോസഫ്, കമ്മറ്റി അംഗങ്ങളായ റിജിൽ റോക്കി, മേഘ സുകുമാരൻ തുടങ്ങിയവരും പങ്കെടുത്തു.