ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു. ഇതിനോടകം ആറ് കുട്ടികൾ അടക്കം 31 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരക്കിനിടയിൽ നിരവധി പേർ ബോധരഹിതരായി. സംഭവത്തെത്തുടർന്ന് വിജയ് പ്രസംഗം താൽക്കാലികമായി നിർത്തിവച്ചു. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയും ജില്ലാ കളക്ടറും കരൂർ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പത്തുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരുമെന്ന് കരൂർ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിൽ എത്തും. ഇതു സംബന്ധിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് ഉടൻ വൈദ്യസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
