ഹാലിഫാക്സ് : ഒന്നര മാസത്തെ തുടർച്ചയായ പരിശ്രമത്തിന് ശേഷം ലോങ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയമായതായി നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. കാട്ടുതീ ഇനി പടരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പക്ഷേ തീ അണഞ്ഞിട്ടില്ലെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 13-ന് കണ്ടെത്തിയ കാട്ടുതീ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ 8,468 ഏക്കറിൽ പടർന്നു പിടിച്ചിരുന്നു. കാട്ടുതീയിൽ 20 വീടുകൾ കത്തിനശിച്ചിരുന്നു. കൂടാതെ 505 വീടുകളിൽ നിന്നുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ DNR ജീവനക്കാർക്കൊപ്പം ഒൻ്റാരിയോ, കെബെക്ക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സഹായിച്ചു.

കാട്ടുതീ പൂർണ്ണമായും അണയുന്നതുവരെ ജീവനക്കാർ പ്രദേശത്ത് ഉണ്ടായിരിക്കുമെന്ന് ഡിഎൻആർ അറിയിച്ചു. എന്നാൽ, ലോങ് ലേക്ക് കാട്ടുതീ പൂർണ്ണമായും അണയുന്നതിന് മുമ്പ് ശൈത്യകാലം വന്നേക്കാമെന്നതിനാൽ ഇനി ഭീഷണിക്ക് സാധ്യതയില്ലെന്ന് അധികൃതർ പറയുന്നു.