ഓട്ടവ : ഉയരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിനായി എല്ലാ മേഖലകളിലുമുള്ള കനേഡിയൻ പൗരന്മാരെ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ വിവിധ ആനുകൂല്യ പേയ്‌മെൻ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഒക്ടോബറിൽ യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇതാ:
ജിഎസ്ടി പേയ്‌മെൻ്റ്, അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB), കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB), ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB), കാനഡ പെൻഷൻ പ്ലാൻ (CPP), കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB) എന്നിവയാണ് ഒക്ടോബറിൽ വിതരണം ചെയ്യുന്ന കാനഡ റവന്യൂ ഏജൻസി (CRA)യുടെ ആനുകൂല്യ പേയ്‌മെൻ്റുകൾ.

ജിഎസ്ടി പേയ്‌മെൻ്റ്
താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെ ദശലക്ഷക്കണക്കിന് യോഗ്യരായ കനേഡിയൻ നികുതിദായകർക്ക് സഹായമാകുന്ന പുതിയ GST പേയ്മെൻ്റ് ഒക്ടോബർ 3-ന് വിതരണം ചെയ്യും. നികുതി രഹിത ത്രൈമാസ പേയ്മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.
മുൻ നികുതി വർഷത്തെ (2024) അടിസ്ഥാനമാക്കി ജൂലൈ 4 മുതൽ GST പേയ്മെൻ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുകയെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. 2026 ജനുവരി 5, 2026 ഏപ്രിൽ 3 എന്നിവയാണ് 2025-2026 ലെ GST പേയ്മെൻ്റ് തീയതികൾ.
അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB)
കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കാൻ ഉദ്ദേശിച്ചുള്ള റീഫണ്ട് ചെയ്യാവുന്ന നികുതി ആനുകൂല്യമായ അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB) ഒക്ടോബർ 10-ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി അറിയിച്ചു. 2026 ജനുവരി 9 ആയിരിക്കും ഇനി ACWB വിതരണം ചെയ്യുക. ഡിസംബർ 31-ന് 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പങ്കാളിയോടോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോ ഒപ്പം ജീവിക്കുന്നവർ കാനഡ വർക്കേഴ്സ് ബെനിഫിറ്റിന് അർഹരായിരിക്കും.

കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)
18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ ഈ നികുതി രഹിത പ്രതിമാസ അലവൻസ് സഹായിക്കുന്നു. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. അടുത്ത കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) പേയ്‌മെൻ്റ് ഒക്ടോബർ 18-ന് യോഗ്യരായ കുടുംബങ്ങൾക്ക് ലഭിക്കും.
2025 ജൂലൈയിൽ കാനഡ ചൈൽഡ് ബെനിഫിറ്റ് തുക ഏകദേശം 2.7% വർധിപ്പിച്ചിരുന്നു. ഇതോടെ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,997 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,748 ഡോളർ ആയിരിക്കും ലഭിക്കുക. നവംബർ 20, ഡിസംബർ 12, 2026 ജനുവരി 20, 2026 ഫെബ്രുവരി 20, 2026 മാർച്ച് 20, 2026 ഏപ്രിൽ 20, 2026 മെയ് 20, 2026 ജൂൺ 19 എന്നീ തീയതികളിലാണ് ഇനി കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക.
ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB)
നികുതി, ഊർജ്ജ ബില്ലുകൾ, ഭവന നികുതികൾ തുടങ്ങിയ പതിവ് ചെലവുകളെ മറികടക്കാൻ സഹായിക്കുന്ന ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB) ഒക്ടോബർ 10-ന് യോഗ്യരായ പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് എത്തും. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂട്ടിച്ചേരുന്നതാണ് OTB. നവംബർ 10, ഡിസംബർ 10, 2026 ജനുവരി 9, 2026 ഫെബ്രുവരി 10, 2026 മാർച്ച് 10, 2026 ഏപ്രിൽ 10, 2026 മെയ് 8, 2026 ജൂൺ 10 എന്നീ തീയതികളിലായിരിക്കും ഇനി ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് വിതരണം ചെയ്യുന്നത്.

കാനഡ പെൻഷൻ പ്ലാൻ (CPP)
വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ (CPP). 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,433 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. ഇത്തവണത്തെ സിപിപി പേയ്മെൻ്റിൽ 2.7% വർധനയും വാർദ്ധക്യ സുരക്ഷ (OAS), ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് (GIS) പോലുള്ള അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഒക്ടോബർ 29 (ബുധൻ), നവംബർ 26 (ബുധൻ), ഡിസംബർ 20 (വെള്ളി) എന്നിവയാണ് ഈ വർഷത്തിലെ ശേഷിക്കുന്ന CPP പേയ്മെൻ്റ് തീയതികൾ.
കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB)
ആരോഗ്യ സംരക്ഷണം, ദൈനംദിന ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന ജീവിതച്ചെലവ് നേരിടുന്ന വൈകല്യമുള്ള ആളുകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന നികുതി രഹിതവുമായ പ്രതിമാസ പേയ്‌മെൻ്റാണ് കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB). യോഗ്യതയുള്ള ഒരാൾക്ക് പരമാവധി വാർഷിക തുക 2,400 ഡോളർ വരെ (പ്രതിമാസം ഏകദേശം 200 ഡോളർ) ലഭിക്കും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് കുടുംബ വരുമാനവും വലുപ്പവും അനുസരിച്ച് അധിക ടോപ്പ്-അപ്പുകൾ ലഭ്യമായേക്കാം. ഒക്ടോബർ 16, നവംബർ 20, ഡിസംബർ 18 എന്നീ തീയതികളിലാണ് കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് വിതരണം ചെയ്യുക.