ഓട്ടവ : മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് മുന്നോട്ട് നീങ്ങിയ കാനഡയിലെ ക്ലോക്കുകൾ നവംബർ 2 ഞായറാഴ്ച പുലർച്ചെ രണ്ടിന് ഒരു മണിക്കൂർ പിന്നിലേക്ക് മാറും. ഇതോടെ മാർച്ച് 9 ഞായറാഴ്ച ആരംഭിച്ച ഡേലൈറ്റ് സേവിങ് സമയമാറ്റം സാധാരണ നിലയിലേക്ക് എത്തും. ഇനി 2026 മാർച്ച് 8-നായിരിക്കും ഘടികാരങ്ങൾ വീണ്ടും മുന്നോട്ട് നീക്കുക.

സമയക്രമം സാധാരണ നിലയിലേക്ക് മാറുന്നത് സ്പ്രിങ് സമയ മാറ്റം പോലെ ബുദ്ധിമുട്ടുള്ളതായിരിക്കില്ലെങ്കിലും ആളുകളുടെ ദൈനംദിന പ്രവർത്തനത്തിൽ നിരവധി ചെറിയ തടസ്സങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് മക്മാസ്റ്റർ സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസർ അനിയ മക്ലാരൻ പറയുന്നു. വാർഷിക സമയമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജനങ്ങളുടെ ഉറക്കത്തെയാണ്. മറ്റ് സസ്തനികളുടെ ശരീരങ്ങളെപ്പോലെ മനുഷ്യ ശരീരവും ആന്തരിക ക്ലോക്ക് അല്ലെങ്കിൽ സർക്കാഡിയൻ റിഥം വഴി നയിക്കപ്പെടുന്നു. ഇത് യഥാർത്ഥത്തിൽ മനുഷ്യരുടെ ഉറക്കത്തെയും വിശപ്പ്, മാനസികാവസ്ഥ തുടങ്ങിയ ശരീരത്തിന്‍റെ മറ്റ് പ്രധാന പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന 24 മണിക്കൂർ ചക്രമാണ്, അനിയ മക്ലാരൻ വ്യക്തമാക്കി. നവംബറിലെ സമയമാറ്റം അർത്ഥമാക്കുന്നത് ഒരു മണിക്കൂർ പകൽ സമയം നഷ്‌ടപ്പെടുമെന്നാണ്. ഈ പെട്ടെന്നുള്ള മാറ്റം സീസണൽ അഫക്റ്റീവ് ഡിസോർഡറിന് സാധ്യതയുള്ളവരെ സാരമായി ബാധിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് തങ്ങളുടെ പതിവ് ഉറക്കത്തിൽ തടസ്സം സൃഷ്ടിക്കുകയും പൊതുവായ മാനസികാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ഗവേഷകർ പറയുന്നു.

അതേസമയം ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമ്പ്രദായം ഉപേക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആൽബർട്ടയിൽ ഈ ആശയത്തെക്കുറിച്ച് നടത്തിയ റഫറണ്ടത്തിൽ വോട്ട് ചെയ്തവരിൽ പകുതിയിലധികം പേരും ഡേലൈറ്റ് സേവിങ് ടൈം നിലനിർത്താൻ ആഗ്രഹിച്ചതായി കണ്ടെത്തിയിരുന്നു. കെബെക്ക് പ്രവിശ്യയിൽ വർഷം മുഴുവനും സാധാരണ സമയം തുടരുന്നതിനാൽ ഈ സമയമാറ്റം ബാധകമാകില്ല. എന്നാൽ യൂകോൺ, സസ്കാച്വാനിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടിഷ് കൊളംബിയയിലെ ചില ഭാഗങ്ങളിലും സമയമാറ്റം പ്രകടമാണ്.