വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പീച്ച്‌ലാൻഡിന് സമീപം നിയന്ത്രണാതീതമായി 220 ഹെക്ടർ വിസ്തൃതിയിൽ പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക കാരണം ഒകനാഗൻ വാലിയിൽ വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. പെന്റിക്റ്റൺ, കെലോവ്ന, വെർനോൺ എന്നിവയുൾപ്പെടെ പ്രവിശ്യയിലെ നിരവധി കമ്മ്യൂണിറ്റികളിൽ അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ കാട്ടുതീ പുക മൂടുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.

പ്രവിശ്യയുടെ തെക്കൻ പ്രദേശങ്ങളിലെ താഴ്‌വരകളിലും പരിസരങ്ങളിലും പുകയുടെ അവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. കാട്ടുതീ പുക നിറഞ്ഞ അവസ്ഥ വേഗത്തിൽ മാറാമെന്നും മണിക്കൂറുകൾക്കുള്ളിൽ വ്യത്യാസപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണികകൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുകയുടെ അളവ് വർധിക്കുന്നതനുസരിച്ച് ആരോഗ്യപരമായ അപകടസാധ്യതകളും വർധിക്കും. വീടിനു വെളിയിലുള്ള സമയം കുറയ്ക്കുകയും പുറത്തെ കായിക വിനോദങ്ങളും പ്രവർത്തനങ്ങളും പരിമിതപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.