എഡ്മിന്‍റൻ : സതേൺ ആൽബർട്ടയിലെ വനപ്രദേശത്തെ ക്യാമ്പ്ഗ്രൗണ്ടിൽ നിന്നും കാണാതായ ആറ് വയസ്സുള്ള ഡാരിയസ് മക്‌ഡൗഗൾ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആൽബർട്ട ആർസിഎംപി. ഡാരിയസിനെ കാണാതായപ്പോഴുള്ള ആരോഗ്യസ്ഥിതി, പ്രാദേശിക ഭൂപ്രകൃതി, കാലാവസ്ഥ, തിരച്ചിൽ സമയം തുടങ്ങിവ പരിഗണിച്ചാൽ കുട്ടിയുടെ അതിജീവന സാധ്യത അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് ആർസിഎംപി കമ്മീഷണർ ജിന സ്ലാനി അറിയിച്ചു. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഞായറാഴ്ച രാവിലെ മക്‌ഡൗഗലിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ജിന സ്ലാനി പറഞ്ഞു.

അതേസമയം മക്‌ഡൗഗലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും തിരച്ചിലിന് മറ്റു തന്ത്രങ്ങൾ സ്വീകരിക്കുമെന്നും ആർസിഎംപി കമ്മീഷണർ അറിയിച്ചു. ഞായറാഴ്ച ഏകദേശം 200 ഉദ്യോഗസ്ഥർ തിരച്ചിലിൽ പങ്കെടുത്തു. അതിൽ ഏകദേശം 100 SAR വളണ്ടിയർമാരും, ഉപരിതല, അണ്ടർവാട്ടർ സെർച്ച് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഡാരിയസ് ഓട്ടിസം ബാധിതനായതിനാൽ തിരച്ചിൽ മേഖലയിൽ ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കാതിരിക്കുന്നത് ഉൾപ്പെടെ നിരവധി മാറ്റങ്ങൾ തിരച്ചലിൽ വരുത്തും. മിന്നുന്ന ലൈറ്റുകളും കുട്ടിയുടെ പ്രിയപ്പെട്ട ഗാനം ഉൾപ്പെടെയുള്ള ചില ശബ്ദങ്ങളും തിരച്ചിലിൽ ഉപയോഗിക്കുന്നുണ്ട്.