ഓട്ടവ : ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇതോടെ ലോറൻസ് ബിഷ്‌ണോയി നയിക്കുന്ന സംഘത്തിന്‍റെ സ്വത്ത് കണ്ടുകെട്ടാനും അക്കൗണ്ടുകൾ മരവിപ്പിക്കാനും ഫെഡറൽ സർക്കാരിന് സാധിക്കും. കാനഡയിലെ ദക്ഷിണേഷ്യൻ വ്യവസായികളെ ലക്ഷ്യം വച്ചുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ഇത് സഹായിക്കുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രീമിയർ, ബ്രാംപ്ടൺ മേയർ, ഫെഡറൽ കൺസർവേറ്റീവ്, എൻഡിപി പാർട്ടികൾ, സിഖ് സംഘടനകൾ തുടങ്ങിയവ ബിഷ്ണോയ് സംഘത്തിനെതിരെ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടിരുന്നു.

കാനഡയിലെ ഓരോ പൗരനും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതത്വം അനുഭവിക്കാൻ അവകാശമുണ്ട്, ഒരു സർക്കാർ എന്ന നിലയിൽ അവരെ സംരക്ഷിക്കേണ്ടത് ലിബറൽ സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്, പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി പറഞ്ഞു. ബിഷ്‌ണോയി സംഘം പ്രത്യേക സമൂഹങ്ങളെ ഭീകരത, അക്രമം, ഭീഷണി എന്നിവയ്ക്ക് ഇരയാക്കിയിട്ടുണ്ട്. ക്രിമിനൽ തീവ്രവാദികളുടെ ഈ സംഘത്തെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലൂടെ കുറ്റകൃത്യങ്ങളെ നേരിടാനും അവസാനിപ്പിക്കാനും ശക്തവും ഫലപ്രദവുമായി സാധിക്കും, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം, കനേഡിയൻ പൗരന്മാരെ ലക്ഷ്യമിട്ട്, പ്രത്യേകിച്ച് ഖലിസ്ഥാൻ വിഘടനവാദികളെ ലക്ഷ്യമിട്ട്, ബിഷ്‌ണോയി സംഘത്തെ ഉപയോഗിച്ച് ഇന്ത്യ കൊലപാതകങ്ങളും കൊള്ളയടിക്കലുകളും നടത്തുന്നതായി ആർസിഎംപി ആരോപിച്ചിരുന്നു.