ഓട്ടവ : ഒരു സംഘടന എന്ന നിലയിൽ കാനഡ പോസ്റ്റിനെ പ്രവർത്തനക്ഷമമാക്കുന്നതിന് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. പോസ്റ്റൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നതിനിടെയാണ് ഈ വിഷയത്തിൽ കാർണി നയം വ്യക്തമാക്കിയത്. കാനഡ പോസ്റ്റ് ദിവസേന പത്ത് ലക്ഷം ഡോളറിലേറെ നഷ്ടം നേരിടുകയാണെന്നും ഈ പ്രതിസന്ധി മറികടക്കാൻ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രൗൺ കോർപ്പറേഷന് 100 കോടി ഡോളർ സഹായം ഇതിനകം നൽകിയിട്ടുണ്ടെന്നും കാർണി പറഞ്ഞു.

ഫെഡറൽ സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) വ്യാഴാഴ്ച വൈകിട്ട് മുതൽ മിന്നൽ പണിമുടക്ക് ആരംഭിച്ചിരുന്നു. അടിയന്തരമല്ലാത്ത തപാൽ സർവീസ് വിമാനമാർഗ്ഗം ഒഴിവാക്കി കരയിലൂടെ കൊണ്ടുപോകുക, 40 ലക്ഷം വീടുകളെ കമ്മ്യൂണിറ്റി മെയിൽ ബോക്‌സുകളിലേക്ക് മാറ്റുക തുടങ്ങിയ പരിഷ്കരണങ്ങളാണ് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളോട് പ്രതികൂലമായി പ്രതികരിച്ച പോസ്റ്റൽ വർക്കേഴ്സ് യൂണിയൻ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. പോസ്റ്റൽ സർവ്വീസിനെയും തൊഴിലാളി സംഘടനകളെയും തകർക്കാനാണ് സർക്കാരിൻ്റെ നീക്കമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൻ പറയുന്നു.