ഓട്ടവ : കാനഡയിലെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനയിൽ കാലതാമസത്തിന് കാരണമായ സെൽഫ് സർവീസ് കിയോസ്‌ക്കുകളുടെ തകരാർ പരിഹരിച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു. തടസ്സം പരിഹരിച്ചെങ്കിലും യാത്രക്കാർക്ക് കുറച്ച് സമയത്തേക്ക് കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. പതിവ് സിസ്റ്റം അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്‌നം മൂലമാണ് ഈ തടസ്സം ഉണ്ടായതെന്ന് സിബിഎസ്എ പറയുന്നു. അതേസമയം സർക്കാർ ഈ പ്രശ്നം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ എയർലൈനിന്റെ വെബ്‌സൈറ്റിൽ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക് കിനോൺ നിർദ്ദേശിച്ചു.

1, 3 ടെർമിനലുകളിലെ പാസ്‌പോർട്ട് കിയോസ്കുകളിൽ തടസ്സം കാരണം കസ്റ്റംസിൽ പതിവിലും കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് പിയേഴ്സൺ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. മൺട്രിയോളിലെ ട്രൂഡോ രാജ്യാന്തര വിമാനത്താവളം, കാൽഗറി രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ തടസ്സം നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലുടനീളം കിയോസ്‌ക് തടസ്സപ്പെടുന്നതും യാത്രക്കാരെ ബാധിക്കുന്നതും ഇതാദ്യമല്ല. ഏപ്രിൽ , ജൂൺ മാസങ്ങളിലെ തകരാറുകൾ ചില പ്രധാന കനേഡിയൻ വിമാനത്താവളങ്ങളിൽ കാലതാമസത്തിന് കാരണമായിട്ടുണ്ട്.