ടൊറൻ്റോ : മുൻ സിറ്റി കൗൺസിലർ ജെന്നിഫർ മക്കെൽവിക്ക് പകരക്കാരനെ കണ്ടെത്താൻ സ്കാർബ്റോ-റൂഷ് പാർക്ക് വാർഡ് 25-ലെ വോട്ടർമാർ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് എത്തും. സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയാണ് വോട്ടിങ്. 37 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിൽ ഒരുക്കിയിരിക്കുന്നത്. 20 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ കൗൺസിലർ ജെന്നിഫർ മക്കെൽവി എയ്ജാക്സ് റൈഡിങ്ങിൽ നിന്നും ലിബറൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിങ്കളാഴ്ച രാത്രി 9 മണിക്ക് ശേഷം തിരഞ്ഞെടുപ്പ് ഫലങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വോട്ടർമാർക്ക് അവരുടെ പോളിങ് ബൂത്ത് കണ്ടെത്താനും വോട്ടർ കാർഡ് പ്രിൻ്റ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ, സ്ഥാനാർത്ഥിക പട്ടിക പരിശോധിക്കാനോ മൈവോട്ട് പോർട്ടൽ ഉപയോഗിക്കാം. വോട്ട് ചെയ്യുന്നത് വോട്ടർമാർ അവരുടെ പേരും വാർഡ് 25 സ്കാർബ്റോ-റൂഷ് പാർക്കിലെ താമസക്കാരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡും ഹാജരാക്കണം. സെപ്റ്റംബർ 20, 21 തീയതികളിൽ നടന്ന മുൻകൂർ വോട്ടെടുപ്പിൽ ആകെ 4,376 വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതായി സിറ്റി പറയുന്നു.