എഡ്മിന്‍റൻ : വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്കയായി ആൽബർട്ടയിലെ അധ്യാപകർ വീണ്ടും പണിമുടക്ക് ആരംഭിക്കാനൊരുങ്ങുന്നു. പ്രവിശ്യാ വ്യാപകമായ പണിമുടക്ക് സമയപരിധിക്ക് മുമ്പ് സർക്കാർ മുന്നോട്ടുവച്ച ഏറ്റവും പുതിയ താൽക്കാലിക കരാർ അധ്യാപക യൂണിയൻ അംഗങ്ങൾ നിരസിച്ചതോടെയാണ് മറ്റൊരു സമരത്തിന് ആൽബർട്ട വേദിയാകാനൊരുങ്ങുന്നത്. പണിമുടക്ക് ആരംഭിക്കുന്നതോടെ 2,500 സ്കൂളുകളിലായി ഏഴു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിച്ചേക്കാം. 2024 ഓഗസ്റ്റ് 31-ന് കരാർ അവസാനിച്ചതിന് ശേഷം ഒരു വർഷത്തിലേറെയായി ഇരുപക്ഷവും ചർച്ചകൾ നടത്തിവരികയാണ്.

പ്രവിശ്യയുടെ താൽക്കാലിക കരാറിനെതിരെ 89.5% അംഗങ്ങൾ വോട്ട് ചെയ്തതായി പ്രവിശ്യയിലെ അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) അറിയിച്ചു. ഇതോടെ ഒക്ടോബർ 6 ന് അധ്യാപകർ വീണ്ടും പണിമുടക്ക് ആരംഭിക്കുമെന്ന് ATA പ്രസിഡൻ്റ് ജേസൺ ഷില്ലിങ് സ്ഥിരീകരിച്ചു. 43,362 അംഗങ്ങൾ വോട്ട് ചെയ്തതിൽ കരാറിന്‍റെ മെമ്മോറാണ്ടം അംഗീകരിച്ചത് 10 ശതമാനത്തിലധികം പേർ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകർ കരാറിൽ അതൃപ്തരാണെന്നും, കൂടാതെ പുസ്തക നിരോധനം, ട്രാൻസ് നിയമനിർമ്മാണം തുടങ്ങിയ വിദ്യാഭ്യാസ മേഖലയിൽ പ്രവിശ്യ സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയ മറ്റ് ഉത്തരവുകളിലും അവർ നിരാശരാണെന്നും ജേസൺ ഷില്ലിങ് പറഞ്ഞു. അതേസമയം അധ്യാപകർ കരാർ നിരസിച്ചതിൽ നിരാശയുണ്ടെന്ന് ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു.