ഓട്ടവ : യുഎസ് താരിഫ് പ്രതിസന്ധിയെ മറികടന്ന് 2026-ൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന് ഡെലോയിറ്റ് റിപ്പോർട്ട്. എന്നാൽ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫുകളിൽ നിന്നും രാജ്യം ഇളവ് നേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-ൽ കാനഡ 1.3 ശതമാനം ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നും 2026 ൽ 1.7 ശതമാനമായി ഉയരുമെന്നും ഡെലോയിറ്റിന്‍റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സമ്പദ്‌വ്യവസ്ഥ ഇനി മാന്ദ്യത്തിലേക്ക് വഴുതി വീഴുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത, ഡെലോയിറ്റ് കാനഡയിലെ ചീഫ് ഇക്കണോമിസ്റ്റായ ഡോൺ ഡെസ്ജാർഡിൻസ് പറയുന്നു. എന്നാൽ, വളരെ മന്ദഗതിയിലുള്ള വളർച്ചയുടെ ഒരു കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നില്ല എന്നല്ല ഇതിനർത്ഥം. അതേസമയം 2025-ന്‍റെ അവസാനത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിടുമെന്ന് കരുതുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

2026 ലെ രണ്ടാം പാദത്തിൽ – ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ – കാനഡയുടെ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിടും. പക്ഷേ ഒരു സാങ്കേതിക മാന്ദ്യം ഒഴിവാക്കുമെന്ന് ഡെലോയിറ്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കനേഡിയൻ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈലുകൾ എന്നിവയ്ക്കുള്ള നിർദ്ദിഷ്ട താരിഫുകൾ നിർമ്മാണ വ്യവസായങ്ങളെ തുടർന്നും ബാധിക്കും, എന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. കൂടാതെ ഓഗസ്റ്റിൽ 7.1 ശതമാനമായി ഉയർന്ന കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയരാൻ സാധ്യത ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.