എഡ്മിന്‍റൻ : സതേൺ ആൽബർട്ടയിലെ വനപ്രദേശത്തെ ക്യാമ്പ്ഗ്രൗണ്ടിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കുടുംബം അറിയിച്ചു. ആറ് വയസ്സുള്ള ഡാരിയസ് മക്ഡൗഗലിനെ സെപ്റ്റംബർ 21-നാണ് കുടുംബം ക്യാമ്പ് ചെയ്തിരുന്ന ഐലൻഡ് ലേക്ക് ക്യാമ്പ് ഗ്രൗണ്ടിന് സമീപത്ത് നിന്നും കാണാതായത്. ബന്ധുക്കളോടൊപ്പം നടക്കാൻ പോയ ഓട്ടിസം ബാധിതനായ ഡാരിയസ് കൂട്ടംതെറ്റി പോവുകയായിരുന്നു.

ഡാരിയസിനായുള്ള തിരച്ചിൽ രണ്ടാം ആഴ്ചയിലേക്ക് കടന്നുകൊണ്ടിരിക്കെ, ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സെർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾ തെക്കൻ ആൽബർട്ടയിലെ ക്രൗൺനെസ്റ്റ് പാസിലെ ഇടതൂർന്ന വനപ്രദേശങ്ങളിലൂടെയും പർവതപ്രദേശങ്ങളിലൂടെയും അന്വേഷണം നടത്തിവരികയാണ്. എന്നാൽ, ഒരേ സമയം ഇരുന്നൂറോളം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കരയിൽ നിന്നും ആകാശത്ത് നിന്നും വൻതോതിലുള്ള തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കുട്ടിയുടെ ഒരു സൂചനയും കണ്ടെത്താനായിട്ടില്ല. അതേസമയം കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹതയില്ലെന്നും ഇതുവരെ തിരച്ചിൽ കുറയ്ക്കാനുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ആർസിഎംപി അറിയിച്ചു.