കാൽഗറി : ഓൺലൈൻ ലോൺ കമ്പനിയുടെ ഉപയോക്താക്കളെ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ കേസിൽ നാല് കെബെക്ക് നിവാസികളെ അറസ്റ്റ് ചെയ്തതായി കാൽഗറി പൊലീസ് അറിയിച്ചു. 2022 ഡിസംബറിൽ, സോണിക് ക്യാഷ് 500 എന്ന കമ്പനിയിൽ നിന്ന് വായ്പ എടുത്ത അഞ്ച് പേരാണ് പരാതിക്കാർ. TDoS എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് കോളുകളാണ് ഉപയോക്താക്കൾക്ക് ലഭിച്ചതെന്നും പരാതിക്കാർ പറയുന്നു. ഈ ആക്രമണങ്ങളിൽ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തൊഴിലുടമകൾക്കും, കാൽഗറി ഷോപ്പിങ് മാൾ, ഡയഗ്നോസ്റ്റിക് ഇമേജിങ് പ്രൊവൈഡർ എന്നിവരുൾപ്പെടെയുള്ളവർ കടുത്ത മനസികസമ്മർദ്ദം നേരിടേണ്ടി വന്നു. കേസിൽ ലാവൽ സ്വദേശികളായ സ്റ്റീവൻ മാൻസിനി (41), ജോണി റിയോക്സ് (43), മൺട്രിയോൾ നിവാസികളായ മേഗൻ വാർട്ടൂക്കിയൻ (35), സ്കോട്ട് ഗെഡ്സ് (44) എന്നിവരെയാണ് സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിൽ കമ്പനി കെബെക്കിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് 2024 ഫെബ്രുവരിയിൽ ലാവലിലെയും മൺട്രിയോളിലെയും അഞ്ച് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, ആയിരക്കണക്കിന് രേഖകളും ഇരുന്നൂറിലധികം ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. സെപ്റ്റംബർ 24, 25 തീയതികളിൽ, കെബെക്ക് പൊലീസ് ഏജൻസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാൽഗറി പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി.