മിസ്സിസാഗ : സുരക്ഷാ അപകടസാധ്യത, വായു, ശബ്ദ മലിനീകരണം തുടങ്ങിയവ നിയന്ത്രിക്കുന്നതിനായി പടക്കങ്ങൾ നിരോധിക്കാൻ ഒരുങ്ങുകയാണ് മിസ്സിസാഗ സിറ്റി. നഗരത്തിലുടനീളം പടക്കങ്ങളുടെ ഉപയോഗം, വിൽപ്പന, പ്രദർശനം, വാങ്ങൽ, വിതരണം, കൈവശം വയ്ക്കൽ എന്നിവ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി കൗൺസിൽ ജനറൽ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന പൊതുജനാഭിപ്രായ ചർച്ചയ്ക്ക് ശേഷമാണ് ഈ നിർദ്ദേശം. നിലവിൽ, മിസ്സിസാഗയിൽ ചാന്ദ്ര പുതുവത്സരം, വിക്ടോറിയ ദിനം, കാനഡ ദിനം, ദീപാവലി, പുതുവത്സരാഘോഷം എന്നീ ദിവസങ്ങളിൽ മാത്രമേ പെർമിറ്റ് ഇല്ലാതെ വെടിക്കെട്ട് അനുവദിക്കുന്നുള്ളു. മിസ്സിസാഗ നഗരത്തിൽ അവധി ദിവസങ്ങളിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട പരാതി വർധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് സിറ്റി ഉദ്യോഗസ്ഥർ പറയുന്നു. സിറ്റി കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചാൽ 2026 കാനഡ ദിനത്തിനുശേഷം നിരോധനം പ്രാബല്യത്തിൽ വരും.

ഈ വർഷം ആദ്യം നഗരത്തിലുടനീളം നടത്തിയ സർവേയിൽ മൂവായിരത്തിലധികം ജനങ്ങൾ പങ്കെടുത്തു. അവരിൽ 1,464 പേർ പൂർണ്ണ നിരോധനത്തെ പിന്തുണച്ചു. 1,317 പേർ അഞ്ച് അവധി ദിവസങ്ങളിൽ വെടിക്കെട്ട് അനുവദിക്കുന്ന നിലവിലെ നിയമങ്ങൾ പാലിക്കുന്നതിനെ അനുകൂലിച്ചു. എന്നാൽ, കാനഡ ദിനത്തിൽ മാത്രമേ പടക്കങ്ങൾ അനുവദിക്കാവൂ എന്ന് സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം ആളുകൾ പറഞ്ഞു.