വിക്ടോറിയ : പ്രവിശ്യയിലുടനീളം ഭവനരഹിതരുടെ എണ്ണം വർധിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ ഭവന മന്ത്രാലയം റിപ്പോർട്ട്. പ്രവിശ്യയിലെ 20 കമ്മ്യൂണിറ്റികളിൽ പകുതിയിലധികവും ഭവനരഹിതരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 കമ്മ്യൂണിറ്റികളിൽ 12 എണ്ണത്തിൽ ഭവനരഹിതരുടെ എണ്ണം വർധിച്ചപ്പോൾ എട്ടെണ്ണത്തിൽ കുറവുണ്ടായതായും കണ്ടെത്തി. ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ പ്രവിശ്യയിലെ ഏറ്റവും ദുർബലരായ അംഗങ്ങൾക്കായി സുരക്ഷിതവുമായ വീടുകൾ നിർമ്മിക്കുകയും ആവശ്യമായ പിന്തുണ നൽകുമെന്നും ഭവന മന്ത്രി ക്രിസ്റ്റീൻ ബോയിൽ പറഞ്ഞു.

വില്യംസ് ലേക്ക്, ക്രാൻബ്രൂക്ക്, മെറിറ്റ്, ക്വസ്‌നെൽ, പെൻ്റിക്റ്റൺ, സാൽമൺ ആം എന്നിവയുൾപ്പെടെ ഭവനരഹിതരുടെ എണ്ണം വർധിച്ച കമ്മ്യൂണിറ്റികളിൽ പലതും ഉൾനാടൻ പ്രദേശങ്ങളാണ്. എന്നാൽ കിറ്റിമാറ്റ്, സ്ക്വാമിഷ്, സെച്ചൽറ്റ്-ഗിബ്‌സൺസ്, പോർട്ട് ആൽബെർണി തുടങ്ങിയ തീരദേശ സമൂഹങ്ങളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വീടില്ലാത്തവരുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യുന്ന കമ്മ്യൂണിറ്റികളിൽ വെർനോൺ, ടെറസ്, പ്രിൻസ് റൂപർട്ട്, പവൽ റിവർ, കാംബെൽ റിവർ, കോമോക്സ് വാലി എന്നിവ ഉൾപ്പെടുന്നു.