ടൊറൻ്റോ : പണിമുടക്ക് നാലാം ആഴ്ചയിലേക്ക് കടക്കവേ ഒൻ്റാരിയോയിലെ കോളേജ് സപ്പോർട്ട് ജീവനക്കാർ വ്യാഴാഴ്ച പ്രവിശ്യയിലുടനീളമുള്ള നിരവധി കോളേജുകളിൽ റാലികൾ നടത്തി. ഹംബർ കോളേജിന്‍റെ നോർത്ത് കാമ്പസിൽ ഏകദേശം 400 പേരാണ് റാലിയിൽ പങ്കെടുത്തത്. ക്യാമ്പസുകൾ അടച്ചുപൂട്ടുമെന്ന് അറിയിച്ച ജോർജിയൻ കോളേജിന്‍റെ ഒറീലിയ കാമ്പസിലും റാലി നടന്നു. വേതന വർധന, മെച്ചപ്പെട്ട ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷ എന്നിവ ആവശ്യപ്പെട്ട് സെപ്റ്റംബർ 11 മുതൽ കോളേജ് സപ്പോർട്ട് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒൻ്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU) പണിമുടക്കിലാണ്. ഒപിഎസ്ഇയുവും (OPSEU) കോളേജ് എംപ്ലോയർ കൗൺസിലും തമ്മിൽ ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് പണിമുടക്ക്. ഫൻഷാവ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരരംഗത്തുള്ളത്.

നാലാം ആഴ്ചയിലേക്ക് കടക്കുന്ന പണിമുടക്ക്, പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലുകളുടെ പശ്ചാത്തലത്തിലാണെന്ന് യൂണിയൻ പറയുന്നു. 10,000 കോളേജ് ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടു. നൂറുകണക്കിന് പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുതിയ കാമ്പസ് അടച്ചുപൂട്ടലുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും യൂണിയൻ വക്താവ് അറിയിച്ചു.