ഫ്രെഡറിക്ടൺ : ശൈത്യകാലം അടുത്തതോടെ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സിൻ ക്യാമ്പയിൻ ആരംഭിച്ച് ന്യൂബ്രൺസ്വിക് സർക്കാർ. ഒക്ടോബർ 14 മുതൽ 75 വയസും അതിൽ കൂടുതലുമുള്ള താമസക്കാർക്ക് RSV വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് RSV വാക്സിൻ ലഭ്യമാക്കുന്നതിലൂടെ, ആശുപത്രിവാസം കുറയ്ക്കാനും, ആരോഗ്യ പരിപാലന സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനും കഴിയുമെന്ന് പ്രീമിയർ പറയുന്നു.

75 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് പ്രവിശ്യാ ഷെഡ്യൂളറിൽ വാക്സിനുള്ള ഫാർമസി അപ്പോയിന്റ്മെൻ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രി ജോൺ ഡോർനൻ അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് സൗജന്യമായി വാക്സിൻ നൽകുന്നതിലൂടെ അവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 2024-25 ശ്വാസകോശ രോഗ സീസണിൽ, 73 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സീസണിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ സൗജന്യ വാക്സിൻ വിതരണം സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.