ടൊറൻ്റോ : വില കുറഞ്ഞതോടെ നഗരത്തിൽ കഴിഞ്ഞ മാസം വീടുകളുടെ വിൽപ്പന ഉയർന്നതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിൽ 5,592 വീടുകളാണ് നഗരത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 8.5 ശതമാനവും ഓഗസ്റ്റിനെ അപേക്ഷിച്ച് രണ്ടു ശതമാനവും കൂടുതലാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീടുകളുടെ വില 4.7% കുറഞ്ഞ് 1,059,377 ഡോളറായതും സെപ്റ്റംബറിൽ കമ്പോസിറ്റ് ബെഞ്ച്മാർക്ക് വില 5.5% കുറഞ്ഞതുമാണ് വിൽപ്പനയിലെ വർധനക്ക് കാരണം. എന്നാൽ, ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ശരാശരി വിൽപ്പന വില 0.2% വർധിച്ചു.

അതേസമയം ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചത് വിൽപ്പന വർധിക്കാൻ സഹായിക്കുമെന്നും ബോർഡ് പറയുന്നു. വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4% വർധിച്ച് 19,260 യൂണിറ്റുകളായി. എന്നാൽ, ഓഗസ്റ്റിനെ അപേക്ഷിച്ച് 3.3% കുറവുമാണ്.