വൈറ്റ് ഹോഴ്സ് : പ്രാദേശിക തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് യൂകോൺ. 35-ാമത് യൂകോൺ നിയമസഭ ഔദ്യോഗികമായി പിരിച്ചുവിട്ട് നവംബർ മൂന്നിന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രീമിയർ മൈക്ക് പെംബർട്ടൺ പ്രഖ്യാപിച്ചു. ഇന്ന് മൈക്ക് പെംബർട്ടൺ തിരഞ്ഞെടുപ്പ് കമ്മീഷണർ അഡ്‌ലൈൻ വെബ്ബറുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വർഷം നൽകിയ ശുപാർശ പ്രകാരം ഈ തിരഞ്ഞെടുപ്പിൽ റൈഡിങ്ങുകളുടെ എണ്ണം നിലവിലുള്ള 19-ൽ നിന്നും 21 ആയി വർധിക്കും. 2016 മുതൽ ലിബറൽ പാർട്ടിയാണ് യൂകോൺ ഭരിക്കുന്നത്. മൂന്ന് ന്യൂ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് 2021 ലെ അവസാന തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ഭരണത്തിലെത്തിയത്.

തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 21 മണ്ഡലങ്ങളിലേക്കും പാർട്ടികൾ ഇതിനകം സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. ലിബറൽ പാർട്ടി ഇതുവരെ 15 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ആറ് എംഎൽഎമാർ ഉൾപ്പെടെ യൂകോൺ പാർട്ടി 20 സ്ഥാനാർത്ഥികളെയും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം യൂകോൺ പാർട്ടി എംഎൽഎമാരിൽ രണ്ട് പേർ, ജെറാൾഡിൻ വാൻ ബിബ്ബർ, സ്റ്റേസി ഹസാർഡ് എന്നിവർ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള മൂന്ന് യൂകോൺ എൻഡിപി എംഎൽഎമാരും വീണ്ടും മത്സരിക്കുന്നു. പാർട്ടി 19 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.