എഡ്മിന്‍റൻ : ഇന്ന് മുതൽ വീണ്ടും പണിമുടക്ക് ആരംഭിക്കുമെന്ന് പ്രവിശ്യയിലെ ഏകദേശം 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു. പണിമുടക്ക് 2,500 പബ്ലിക്, സെപ്പറേറ്റ്, ഫ്രാങ്കോഫോൺ സ്‌കൂളുകളിലായി ഏഴു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കും. എഡ്മിന്‍റൻ, കാൽഗറി, ഫോർട്ട് മക്മുറെ, ലെത്ത്ബ്രിഡ്ജ് എന്നിവയുൾപ്പെടെ മിക്ക സ്‌കൂൾ ബോർഡുകളും അധ്യാപകർ പണിമുടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കുടുംബങ്ങൾക്ക് അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച അവസാനം പ്രവിശ്യാ സർക്കാരും ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനും തമ്മിൽ കരാർ ചർച്ച പുനഃരാരംഭിച്ചെങ്കിലും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. നാല് വർഷത്തിനുള്ളിൽ 12% വേതന വർധന, അധ്യാപക-വിദ്യാർത്ഥി അനുപാതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 3,000 അധ്യാപകരെ കൂടി നിയമിക്കുമെന്ന സർക്കാർ വാഗ്ദാനം, COVID-19 വാക്‌സിന്‍റെ ചെലവ് വഹിക്കുന്നതിനുള്ള ഫണ്ട് എന്നിവ ഉൾപ്പെടുന്ന സർക്കാർ ഓഫർ അധ്യാപകർ നിരസിച്ചിരുന്നു. അതേസമയം വിദ്യാർത്ഥി-അധ്യാപക അനുപാതം ക്രമീകരിക്കുന്നതിന് പ്രവിശ്യ കുറഞ്ഞത് 5,000 അധ്യാപകരെ നിയമിക്കണമെന്ന് ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് പറയുന്നു.