ടൊറൻ്റോ : ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് (ASE) കാമറകൾ നിരോധിക്കാനുള്ള പദ്ധതി പിൻവലിക്കണമെന്ന ആവശ്യവുമായി ഒൻ്റാരിയോ സ്കൂൾ ബോർഡുകൾ രംഗത്ത്. സ്കൂൾ സുരക്ഷാ മേഖലകളിൽ സ്പീഡ് കാമറകൾ ഒഴിവാക്കാനുള്ള തീരുമാനം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായി പ്രവിശ്യയിലെ പൊതു ധനസഹായത്തോടെ പ്രവർത്തിക്കുന്ന നാല് സ്കൂൾ ബോർഡുകളുടെ അസോസിയേഷൻ അറിയിച്ചു. പ്രവിശ്യയിലുടനീളം ASE നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം ഈ മാസം അവതരിപ്പിക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാമറകൾ ഒരുതരം ‘നികുതി പിരിവ്’ മാത്രമാണെന്നും അവ ഒഴിവാക്കാൻ മുനിസിപ്പാലിറ്റികൾ തയ്യാറായില്ലെങ്കിൽ താൻ ഇടപെട്ട് അവ നീക്കം ചെയ്യുമെന്നും ഫോർഡ് പറഞ്ഞിരുന്നു. വിവിധ മുനിസിപ്പാലിറ്റികൾ, ഒൻ്റാരിയോ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പൊലീസ്, ഹോസ്പിറ്റൽ ഫോർ സിക്ക് കിഡ്സ് തുടങ്ങി നിരവധി ഗ്രൂപ്പുകൾ കാമറ ഒഴിവാക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക കാമറകളും പ്രാഥമിക, സെക്കൻഡറി സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്നതെന്നും അസോസിയേഷൻ പറയുന്നു. സ്കൂൾ സുരക്ഷാ മേഖലകളിൽ കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ, എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും സ്കൂൾ ബോർഡ് അസോസിയേഷൻ അഭ്യർത്ഥിച്ചു. ASE നിരോധനം സ്കൂൾ മേഖലകൾക്ക് തിരിച്ചടിയാവും. അത് പൊലീസുകാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, എൻഫോഴ്‌സ്‌മെൻ്റ് ചെലവുകൾ വർധിപ്പിക്കുകയും, ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ അറിയിച്ചു.
