വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ ഇന്ത്യൻ വംശജരുടെ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. തിങ്കളാഴ്ച സറേയിലെ മേപ്പിൾ റിഡ്ജിലുള്ള ഇന്ത്യൻ റസ്റ്ററൻ്റ് ശൃംഖലയ്ക്ക് നേരെ വെടിവെപ്പ് നടന്നതായി സറേ പൊലീസ് സർവീസ് (എസ്പിഎസ്) റിപ്പോർട്ട് ചെയ്തു. 156 സ്ട്രീറ്റിന് സമീപമുള്ള കിങ് ജോർജ് ബൊളിവാർഡിലുള്ള ഉസ്താദ് ജി76 ഇന്ത്യൻ റസ്റ്ററൻ്റിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഉസ്താദ് ജി76 റസ്റ്ററൻ്റ് ശൃംഖലയ്ക്ക് നേരെ വെടിവെപ്പ് നടക്കുന്നത്.

വെടിവെപ്പിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി എസ്‌പിഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസമയത്ത് ജീവനക്കാർ ആരും അകത്തുണ്ടായിരുന്നില്ല, ആർക്കും പരുക്കേറ്റിട്ടില്ല, പൊലീസ് അറിയിച്ചു. സെപ്റ്റംബർ 27 ന് മേപ്പിൾ റിഡ്ജിലെ 218 സ്ട്രീറ്റിനടുത്തുള്ള ലൗഹീദ് ഹൈവേയിലെ മറ്റൊരു ഉസ്താദ് ജി 76 റസ്റ്ററൻ്റിലും വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-800-222-8477 എന്ന നമ്പറിലോ www.solvecrime.ca എന്ന വെബ്സൈറ്റ് വഴിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് സറേ പൊലീസ് സർവീസ് അഭ്യർത്ഥിച്ചു.