ടൊറൻ്റോ : തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലെ ആംഹേസ്റ്റ്ബർഗിലുള്ള വിസ്കി ബോട്ടിലിങ് പ്ലാൻ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ പോരാട്ടം ശക്തമാക്കി പ്രീമിയർ ഡഗ് ഫോർഡ്. ആംഹേസ്റ്റ്ബർഗിലുള്ള വിസ്കി ബോട്ടിലിങ് പ്ലാൻ്റ് അടച്ചുപൂട്ടിയാൽ ക്രൗൺ റോയൽ (Crown Royal)നെയും മറ്റു ബ്രാൻഡുകളെയും LCBO ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന് പ്രീമിയർ പ്രഖ്യാപിച്ചു. ജോണി വാക്കർ (Johnnie Walker), ഗിന്നസ് (Guinness) തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ ഡീജിയോ (Diageo) കമ്പനിയാണ്, വടക്കേ അമേരിക്കയിലെ സപ്ലൈ ചെയിൻ ലളിതമാക്കുന്നതിൻ്റെ ഭാഗമായി ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന പ്ലാൻ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഈ വർഷം ആദ്യം പ്രഖ്യാപിച്ച അടച്ചുപൂട്ടൽ കാരണം ഏകദേശം 200 പേരുടെ ജോലി നഷ്ടപ്പെടുമെന്ന് കരുതുന്നു. പ്ലാൻ്റ് അടച്ചുപൂട്ടി അവസാനത്തെ തൊഴിലാളി പുറത്തിറങ്ങുന്ന നിമിഷം തന്നെ ക്രൗൺ റോയൽ ഉൽപ്പന്നങ്ങൾ LCBO യിൽ നിന്നും പിൻവലിക്കും. ക്രൗൺ റോയലിന് പിന്നാലെ സ്മിർനോഫ് ആയിരിക്കും അടുത്തതെന്നും പ്രീമിയർ പറയുന്നു.

അതേസമയം കാനഡയിൽ ക്രൗൺ റോയൽ ഉൽപ്പാദിപ്പിക്കുന്നത് തുടരുമെന്നും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ കനേഡിയൻ ആസ്ഥാനവും വെയർഹൗസ് പ്രവർത്തനങ്ങളും മാനിറ്റോബയിലും ക്യൂബെക്കിലുമുള്ള ബോട്ടിലിങ്, ഡിസ്റ്റിലേഷൻ പ്ലാൻ്റുകളും നിലനിർത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
