കാല്‍ഗറി : വടക്കുകിഴക്കൻ കാല്‍ഗറിയിലെ ഒരു വീട്ടില്‍ കാര്‍ബണ്‍ മോണോക്സൈഡ് ചോർച്ചയെ തുടർന്ന് ഒരു കുട്ടിയടക്കം അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ടാരഡെയ്ല്‍ കമ്മ്യൂണിറ്റിയിലെ ടാരലേക്ക് വേ NE യിലെ രണ്ട് നിലകളുള്ള വീട്ടിലാണ് സംഭവം.

വീട്ടിലെ ബേസ്മെൻ്റ് സ്യൂട്ടില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള താമസക്കാരാണ് വിഷവാതകം ശ്വസിച്ച് അസുഖബാധിതരായതെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്മെൻ്റ് അറിയിച്ചു. വീടിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ (CO) സാന്നിധ്യം ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. CO ലെവലുകൾ 172 പാര്‍ട്ട്സ് പെര്‍ മില്യണ്‍ (ppm) ആയി ഉയര്‍ന്നതായി കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിൽ വീടിനുള്ളിൽ ഉണ്ടായിരുന്ന നാല് മുതിർന്നവരെയും ഒരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.